2010 സമ്മാന പദ്ധതി- ക്വിസ്സ് മത്സരത്തിലേക്ക് സ്വാഗതം!
പ്രധാന അറിയിപ്പ് -
ഈ ചോദ്യങ്ങള്‍ക്കുത്തരം നല്‍കേണ്ടത് ഒരു മെയില്‍ ആയാണ്. aravind.nairഅറ്റ്gmail.com എന്ന അഡ്രസ്സിലേക്ക് ഉത്തരങ്ങള്‍ അയക്കുക.
പക്ഷേ കമന്റായി വേണമെങ്കിലും ആര്‍ക്കും ഉത്തരങ്ങള്‍ ഇടാം. ആരും അത് കോപ്പിയടിക്കരുത്, അധവാ അടിച്ചാലും പുറത്ത് പറയരുത് എന്ന് അപേക്ഷിക്കുന്നു. കമന്റ് മൊഡറേഷന്‍ ഇല്ല. ഇപ്പം കമന്റിയാല്‍ അപ്പം വരും.
പിന്നെ ബൂലോഗത്തിലെ ടെക്നോളജി വിശാരദന്മാര്‍ കമന്റ് മൂടിവച്ച് പോസ്റ്റ് ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യുക. അല്ലെങ്കില്‍ കമന്റുന്നവര്‍ മറ്റു കമന്റുകള്‍ കാണാതിരിക്കാന്‍ കണ്ണുപൊത്തി കമന്റു ചെയ്യുക. എല്ലാം നിങ്ങളുടെ ഇഷ്ടം.
ചോദ്യങ്ങളും ഉത്തരങ്ങളും എന്റെ സ്വന്തം. ഉത്തരങ്ങള്‍/ചോദ്യങ്ങള്‍ ശരിയല്ല എന്നാര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ സ്വാഗതം- ധൈര്യമായി കൂവാം.തെറ്റുകള്‍ ചമ്മലോടെ തിരുത്തുന്നതായിരിക്കും.
ജോഡിയില്ലാത്ത ചപ്പല്‍, ചീമുട്ട, ചീഞ്ഞ തക്കാളി എന്നിവ പ്രതിഷേധസൂചകമായി സ്വീകരിക്കുന്നതല്ല. ചപ്പല്‍ ജോഡിയായി, അധികം ചീയാത്ത പഴവര്‍ഗ്ഗങ്ങള്‍, ചില്ലറകള്‍ എന്നിക പ്രതിഷേധക സൂചകമായി സ്വീകരിക്കുന്നതാണ്.
സര്‍പ്രൈസ് ഗിഫ്റ്റ് - അത് അങ്ങനെ തന്നെ ഇരിക്കട്ടെ..അല്ല,അത് ബസ്‌സ്റ്റാന്‍ഡില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് പോകാനുള്ള ഓട്ടോക്കൂലി അല്ല.
അവസാന തീയതി - എനിക്ക് പോലും അറിഞ്ഞൂടാ..ആരെങ്കിലും ഒക്കെ ഉത്തരങ്ങള്‍ അയച്ചാല്‍ ഭാഗ്യം എന്ന് കരുതി ഇടുന്നതാണ്. ചുമ്മാ എന്റെ "വിജ്ഞാനം" പ്രദര്‍ശ്ശിപ്പിച്ച് ഒന്ന് ഷൈന്‍ ചെയ്യാനും..തെറ്റിദ്ധരിക്കല്ല്. ഉത്തരങ്ങള്‍ ഉടനെയിടാം എന്ന് മാത്രം പറയുന്നു. വിജയീ പ്രഖ്യാപനവും.
എല്ലാവര്‍ക്കും മൊട്ടയാണ് മാര്‍ക്കെങ്കില്‍ പൊട്ടിപ്പോയ ഈ ക്വിസ്സിനു വേണ്ടി ഞാന്‍ വീട്ടിപ്പോയി ഒരു മൊട്ട പൊട്ടിച്ച് കുടിക്കുന്നതായിരിക്കും.
അപ്പോ...ദേ പോണു..
====================================
1. ഔഡി, മേഴ്സിഡസ് ബെന്‍സ്, ബി.എം.ഡബ്ല്യു , ‘ഫോള്‍ക്സ് ‘ വാഗണ്‍ എന്നീ ജര്‍മന്‍ വാഹനനിര്‍മ്മാണ പ്രമുഖരുണ്ടായിട്ടും ഈ ലോകകപ്പില്‍ കളിക്കാര്‍ക്ക് വേണ്ട ട്രാന്‍സ്പോര്‍ട്ട് സൌകര്യങ്ങള്‍ (ബസ്സും മറ്റും) സ്പോണ്‍സര്‍ ചെയ്തത് വേറൊരു രാജ്യത്ത് നിന്നുള്ള വാഹന നിര്‍മ്മാണ കമ്പനിയാണ്. ഏതാണാ കമ്പനി?
(മെര്‍ക്ക് ഇപ്പോള്‍ പ്യുവര്‍ ജെര്‍മന്‍ അല്ലെന്ന കാര്യം വിസ്മരിക്കുന്നില്ല-അവര്‍ ക്രൈസ്‌ലറുമായി യോജിച്ചിരുന്നല്ലോ)
2. 2006 ഫീഫാ വേള്‍ഡ് കപ്പില്‍ അണിനിരന്ന ബ്രസീലിയന്‍ ടീമിലെ ഒരു കളിക്കാരന്‍ വളരെ പ്രശസ്തനായ (സൌത്ത് അമേരിക്കയില്‍) ഒരു വാദ്യോപകരണസംഗീത വിദഗ്‌ദ്ധനാണ്. ആരാണിയാള്‍? ഏതാണ് വാദ്യോപകരണം?
3.മെക്സിക്കോ കാണികള്‍ ഗാലറികളില്‍, മെക്സിക്കന്‍ വേവ് അല്ലെങ്കില്‍ മെക്സിക്കന്‍ തിര എന്ന പ്രതിഭാസം സൃഷ്ടിച്ചിട്ട് വര്‍ഷങ്ങളായി. ലോകത്തുള്ള എല്ലാ ആസ്വാദകരും ഇപ്പോളത് അനുകരിക്കുന്നുമുണ്ടല്ലോ? അര്‍ജ്ജന്റീനിയന്‍ കാണികള്‍ ഇതുപോലെ സൃഷ്ടിച്ച പ്രതിഭാസത്തിന്റെ പേരെന്ത്? (അര്‍ജ്ജന്റീനിയന്‍ ലീഗിലെ കളികളില്‍ സ്ഥിരം കാഴ്ചയാണത്)
4. നമുക്ക് 1978 അര്‍ജ്ജന്റീനിയന്‍ വേള്‍ഡ് കപ്പിലേക്ക് പോകാം. ആ ടൂര്‍ണമെന്റിലുപയോഗിച്ച, അഡിഡാസ് ഡിസൈനും നിര്‍മ്മാണവും നടത്തിയ പന്തുകള്‍ക്ക് ഒരു പേരിട്ടിരുന്നു. എന്താണാ പേര്? ( മറ്റൊരു ടൂര്‍ണമെന്റിലും ഉപയോഗിച്ചിരുന്ന പന്തിന് പേരിട്ടതായി അറിവില്ല.)
5.വീണ്ടും 1978- അന്നത്തെ ലോകകപ്പിന്റെ സ്പോണ്‍സറായി ഒരു ആഗോളഭീമന്‍ ആദ്യമായി രംഗപ്രവേശനം ചെയ്തു.അന്നു തൊട്ടിന്നുവരെ ആ ‘ഭീമന്‍‘ ലോകകപ്പുകളുടെ ഒരു നിത്യസ്പോണ്‍സറായി തുടരുന്നു. ഏതാണാ ആഗോള വ്യവസായ ഭീമന്‍?
6.ജര്‍മന്‍ ടീമിന്റെ സ്പോര്‍ട്ട്സ് അപ്പാരല്‍സ് അഡിഡാസിന്റെയാണല്ലോ? അര്‍ജ്ജന്റീനയുടേതുമതെ. എങ്കില്‍ ഈ രണ്ട് ടീമിനേയും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് അഡിഡാസല്ല. ആരൊക്കെയാണെന്ന് സ്പോണ്‍സേര്‍സ് എന്ന് പറയാമോ?
7.സീമെന്‍സ്, സാപ്പ് മുതലായ വിവരസാങ്കേതിക വിദഗ്‌ദ്ധ ഭീമന്മാര്‍ ജര്‍മനിയിലുണ്ടായിട്ടും ഈ ലോകകപ്പിലെ 75%(എത്രത്തോളം ശരിയാണ് ശതമാനക്കണക്ക് എന്നുറപ്പില്ല) ഇന്‍ഫൊര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി (ICT) വിദ്യ നല്‍കിയത് വേറൊരു ജര്‍മന്‍ കമ്പനിയാണ്. ആരാണ് എന്ന് പറയാമോ?
8.ഈ ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പ്, നോസ്ത്രാഡാമസ്സിന്റെ ഒരു പ്രവചനം - “The holy grail will travel to ..........."(ദിവ്യ ചഷകം --------- ലേക്ക് പോകും)എന്നത് ഇക്കൊല്ലം വേള്‍ഡ് കപ്പ് ഒരു രാജ്യത്തേക്ക് പോകും(ആ രാജ്യം കപ്പ് നേടും) എന്നാണ് സൂചിപ്പിക്കുന്നത് എന്ന് പരക്കെ വ്യാഖ്യാനിച്ചിരുന്നു. ഏതാണ് ആ പ്രവചനത്തിലെ രാജ്യം?
9.1986ല്‍ ഡീഗോ മറഡോണ പ്രശസ്തനായതിന്റെ പിന്നാലെ, ഒരു രാജ്യത്ത് “മറഡോണ” എന്ന പേരില്‍ ഒരു പീറ്റ്‌സാ(pizza) വറൈറ്റി ലഭ്യമായിത്തുടങ്ങി. ഏത് രാജ്യത്തിലാണ് ‘മറഡോണ‘ ഒരു മെനു ഐറ്റമായത് എന്ന് പറയാമോ?
10.ഒരു ലളിതമായ ചോദ്യം - ‘വെളുത്ത പെലെ‘ എന്നറിയപ്പെട്ടതാര്?
11.അന്തര്‍ദ്ദേശീയ ഫുട്ബോളില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പെലെ 1977ല്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് അപ്പാടെ വിരമിച്ച അവസരത്തില്‍, അദേഹത്തെ തോളിലേറ്റിയ ആരാധക/സഹകളിക്കാര്‍ വൃന്ദത്തിന് നടുവില്‍ നിന്ന് അദ്ദേഹം ഒരു രാജ്യത്തിന്റെ പതാക ഉയര്‍ത്തി വീശുകയുണ്ടായി. പെലെയുടെ ആ ഇഷ്ടരാജ്യം ഏതായിരുന്നു?
12.കോര്‍ണര്‍ ഫ്ലാഗുകള്‍ സ്ഥാപിക്കുവാന്‍ മറന്നു പോയി..ടച്ച് ലൈനും നന്നായി മാര്‍ക്ക് ചെയ്തിട്ടില്ല. ഇങ്ങനെ ഒരവസ്ഥയില്‍ ഒരു വേള്‍ഡ്‌കപ്പ് ഫൈനല്‍ മത്സരം തുടങ്ങേണ്ടി വന്നു. ഏറ്റവും മോശമായി സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റ് എന്ന് കുപ്രസിദ്ധി നേടിയ ഈ വേള്‍ഡ് കപ്പ് എവിടെ, എന്ന് നടന്നു?
13.ഫുട്‌ബോളില്‍ ‘ഏകനായിയുള്ള നടത്തം(The lonely walk)‘, ‘നീണ്ട തിരികെപ്പോക്ക് (The longwalk back)‘ എന്ന പേരുകളിലറിയപ്പെടുന്നത് എന്തിനെക്കുറിച്ചാണ് എന്നറിയാമോ?
14.കഴിഞ്ഞ ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ പ്രാധമിക മത്സരങ്ങള്‍ നടത്തുവാന്‍ ഒരു യൂണിവേഴ്സിറ്റിയുടെ സ്റ്റേഡിയം ഉപയോഗപ്പെടുത്തുകയുണ്ടായി.(ആ യൂണിവേഴ്സിറ്റിയിലെ പിള്ളേര്‍ കളിക്കുന്ന സ്റ്റേഡിയം, ലോകകപ്പ് നിലവാരത്തിലുള്ളതാണെന്ന് ചുരുക്കം).ഏതാണ് ലോകപ്രശസ്തമായ ആ യൂണിവേഴ്സിറ്റി?
15.ഒരു സംഭവം വിവരിക്കാം. ഒരു ലോകകപ്പിലെ ഒരു ഗ്രൂപ്പ് മാച്ചാണ് വേദി. കളിക്കിടെ കാണികള്‍ക്കിടയിലിരുന്ന് ആരോ ഒരു നീണ്ട വിസിലടിക്കുന്നു. കളിച്ചിരുന്ന ഒരു ടീം അത് റഫറിയുടെ വിസിലാണെന്ന് തെറ്റിദ്ധരിച്ച് കളി നിര്‍ത്തുന്നു. കിട്ടിയ അവസരത്തില്‍ മറു ടീം ഗോളടിക്കുന്നു. റഫറി ഗോള്‍ അനുവദിക്കുന്നു.
കാണിയുടെ വിസില്‍ കേട്ട് കളി നിര്‍ത്തി ഗോളു വാങ്ങിച്ച ടീം കളി തുടരാന്‍ വിസമ്മതിക്കുന്നു. ഗ്രൌണ്ടില്‍ റഫറിയും കളിക്കാരും ഉഗ്ര വാഗ്വാദങ്ങള്‍. ഗോള്‍ വാങ്ങിയ രാജ്യത്തിലെ ഒരു പ്രമുഖന്‍ വി.ഐ.പി ബോക്സില്‍ ഇരുന്നു കളി കാണുന്നുണ്ടായിരുന്നു. രംഗം വഷളായപ്പോള്‍, അദ്ദേഹം സീറ്റില്‍ നിന്നിറങ്ങി ഗ്രൌണ്ടിലെത്തി, റഫറിയെ ശാസിക്കുന്നു, തന്റെ രാജ്യത്തിന്റെ കളിക്കാരെ ആശ്വസിപ്പിക്കുന്നു. ഇദ്ദേഹത്തിന്റെ ശാസന കേട്ടിട്ടാണോ ആവോ, റഫറി പതറുന്നു, അനുവദിച്ച ഗോള്‍ പിന്‍വലിക്കുന്നു. കളി തുടരുന്നു. പ്രമുഖന്റെ ടീം 1-4 ന് പരാജയപ്പെടുന്നു.
കളി കഴിഞ്ഞ് കളിക്കളത്തിലരങ്ങേറിയ ഈ നാടകത്തില്‍ ഫിഫ ഇടപെടുന്നു. റഫറിക്ക് തീരുമാനം മാറ്റിയത് കൊണ്ട് ഇന്റര്‍നാഷണല്‍ ക്വാളിഫിക്കേഷന്‍ നഷ്ടപ്പെടുന്നു. കളിയിലിടപെട്ട കുറ്റത്തിന് ആ പ്രമുഖനായ കാണിക്ക് ഫിഫ വന്‍പിഴ ചുമത്തുന്നു.
ഫിഫ ചുമത്തിയ പിഴ വലുതായിരുന്നെങ്കിലും, അത് അദ്ദേഹത്തിന് വളരെ നിസ്സാര തുകയായിരുന്നു- വെറും ഒരു മിനിട്ടത്തെ ശമ്പളം മാത്രമായിരുന്നു.
ഞാന്‍ വിവരിച്ച സംഭവം ഏതാണെന്ന് മനസ്സിലായോ? എങ്കില്‍ ഈ വിവാദത്തില്‍ ഉള്‍പ്പെട്ട ടീമുകളേത്, ഇടപെട്ട പ്രമുഖനാര്, ഏത് വേള്‍ഡ്‌കപ്പ്?
കഴിഞ്ഞു. സ്റ്റോക്ക് തീര്‍ന്നു. എല്ലാവര്‍ക്കും നന്ദി. ഉത്തരങ്ങള്‍ പിന്നാലെ അധികം താമസിയാതെ.