ഫിഫ ലോകകപ്പ് 2006

Sunday, July 02, 2006

പിഴച്ചതാര്‍ക്ക്?

അങ്ങനെ ലോകകപ്പില്‍ നിന്നും ലാറ്റിനമേരിക്കന്‍ സൌന്ദര്യങ്ങള്‍ പുറത്തായി. അര്‍ജന്റീനയോ ബ്രസീലോ ഇല്ലാതെ ലോകകപ്പിന്റെ സെമിഫൈനല്‍ അരങ്ങേറുന്നു. ദുഃഖമുണ്ട്, പക്ഷേ പുറത്തേക്കു വഴിയൊരുക്കിയ മത്സരങ്ങളില്‍ അവര്‍ ഒരുതരത്തിലും വിജയം അര്‍ഹിച്ചിരുന്നില്ല എന്നതാണു നേര്.

മഹാന്മാരായ പരിശീലകര്‍ക്ക് ആവേശപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ വ്യക്തമായ പദ്ധതികളുണ്ടായിരുന്നിരിക്കാം. എന്നാലും ഒരു ഫുട്ബോള്‍ പ്രേമി എന്ന സ്വാതന്ത്ര്യമുപയോഗിച്ചു പറഞ്ഞാല്‍ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും പരിശീ‍ലകര്‍ വരുത്തിയ തന്ത്രപരമായ പിഴവുകളാണ് അവരുടെ തോല്‍‌വിയില്‍ നിഴലിച്ചു നിന്നത്.

ബ്രസീലിന്റെ കാര്യംതന്നെയെടുക്കാം. ഈ ലോകകപ്പിന്റെ തുടക്കം മുതല്‍ അവര്‍ 4-4-2 എന്ന ശൈലിയായിരുന്നല്ലോ അവര്‍ സ്വീകരിച്ചിരുന്നത്. നാലു പ്രതിരോധനിരക്കാര്‍, നാലു മിഡ്ഫീല്‍ഡര്‍മാര്‍, രണ്ട് സ്ട്രൈക്കര്‍മാര്‍. ഒരോ മത്സരത്തിലും അവര്‍ ഈ ശൈലിയുമായി കളിച്ചു തെളിഞ്ഞിരുന്നു എന്നതും ശ്രദ്ധിക്കുക.

പക്ഷേ, ടൂര്‍ണമെന്റില്‍ ആദ്യമായി നേരിടേണ്ടിവന്ന മത്സര പരിചയമുള്ള ഒരു ടീമിനെതിരെ അവരുടെ പരിശീലകന്‍ പെട്ടെന്നു ശൈലി മാറ്റി. റൊണാള്‍ഡോ എന്ന ഒറ്റ സ്ട്രൈക്കറെ ഇറക്കി കാര്‍ലോസ് ആല്‍ബെര്‍ട്ടോ പെരേര ചൂതാട്ടം നടത്തി.

മധ്യനിരയില്‍ സഹതാരങ്ങള്‍ ആധിപത്യമുറപ്പിച്ചാല്‍ മാത്രം പ്രയോജനപ്പെടുന്ന സ്ട്രൈക്കറാണു റൊണാള്‍ഡോ എന്നാണെന്റെ പക്ഷം. കൃത്യതയാര്‍ന്ന പാസുകള്‍ പിഴവില്ലാതെ ലക്ഷ്യത്തിലെത്തിക്കാന്‍ പറ്റിയ കളിക്കാരന്‍. എന്നാല്‍ എതിരാളികളായ ഫ്രാന്‍സ് സ്പെയിനുമായി കളിച്ചിറങ്ങുന്നതു കണ്ടശേഷമെങ്കിലും അവരുടെ മധ്യനിര മെച്ചപ്പെട്ടുവരുന്നത് പെരേര മനസിലാക്കാതെ പോയി.

പ്രതിരോധനിരക്കാരുടെ കത്രികപ്പൂട്ടില്‍ നിന്നും മിഡ്ഫീല്‍ഡര്‍മാര്‍ നല്‍കുന്ന അത്ര കൃത്യമല്ലാത്ത പാസുകളില്‍ നിന്നുപോലും അവസരമുണ്ടാക്കാന്‍ കഴിയുന്ന ഒരു സ്ട്രൈക്കറെയോ, രണ്ടു സ്ട്രൈക്കര്‍മാരെയോ ബ്രസീല്‍ കളിപ്പിച്ചിരുന്നെങ്കില്‍ ഒന്നു ചെറുത്തുനില്‍ക്കാനെങ്കിലുമാകുമായിരുന്നു എന്നെനിക്കു തോന്നുന്നു.

കളിയുടെ ആദ്യ പത്തു മിനിറ്റില്‍ മാത്രമേ ബ്രസീലിന് എന്തെങ്കിലും ചെയ്യാനായുള്ളൂ. തുടര്‍ന്ന് അവരുടെ വിഖ്യാതമായ മധ്യനിരയ്ക്കു താളംതെറ്റി. ജുനിഞ്ഞോ എന്ന സെന്‍‌ട്രല്‍ മില്‍ഫീല്‍ഡറെ ചുറ്റിപ്പറ്റി കളിമെനഞ്ഞെടുക്കാനുള്ള തന്ത്രം അമ്പേ പാളി.

എന്റെ നോട്ടത്തില്‍ ഈ ലോകകപ്പിലെ ബ്രസീലിന്റെ വിന്നിംഗ് കോമ്പിനേഷന്‍ ജപ്പാനെതിരെയായിരുന്നു. അവരുടെ മധ്യനിര നിറഞ്ഞു കളിച്ച മത്സരം. റൊണാള്‍ഡോയ്ക്കൊപ്പം നിസ്വാര്‍ത്ഥനായി കളിക്കുന്ന റൊബീഞ്ഞോയെ തുടക്കം മുതലിറക്കിയ തന്ത്രം. ജപ്പാന്‍ ബ്രസീല്‍ മത്സരത്തില്‍ തനിക്കു ഗോളാക്കിമാറ്റാമായിരുന്ന അവസരങ്ങള്‍ പോലും റോബിഞ്ഞോ സഹ സ്ട്രൈക്കര്‍ക്കു കൈമാറുന്ന കാഴ്ച അനുപമമായിരുന്നു. അതേ സമയം റോണാള്‍ഡോയ്ക്കൊപ്പം അഡ്രിയാനോ എറങ്ങിയപ്പോഴെല്ലാം കല്ലുകടിയുമുണ്ടായിരുന്നു. അഡ്രിയാനോ സ്വന്തം കാര്യം നോക്കുന്ന സ്ട്രൈക്കറാണല്ലോ.

വിംഗര്‍മാരായി കഫുനെയും കാര്‍ലോസിനെയും നിലനിര്‍ത്തി, മധ്യനിരയിലും മുന്‍‌നിരയിലും ജപ്പാനെതിരെ പരീക്ഷിച്ച ലൈനപ്പ് പിന്തുടര്‍ന്നിരുന്നെങ്കില്‍ ബ്രസീലിനെ അല്പം കൂടെ നന്നായി കളിക്കാമായിരുന്നു എന്നാണെന്റെ വിശ്വാസം.

**** ****
ജര്‍മ്മനിക്കെതിരെ അര്‍ജന്റൈന്‍ കോച്ചും ചില പിഴച്ച തീരുമാനങ്ങളെടുത്തു എന്നുതന്നെയാണു ഞാന്‍ കരുതുന്നത്. മധ്യനിരയില്‍ കാമ്പിയാസോയ്ക്കു പകരം ഗോണ്‍സാലെസിനെ പരീക്ഷിച്ചതില്‍ തുടങ്ങി പെക്കര്‍മാന്റെ പാളിച്ചകള്‍. കളിയുടെ അവസാന ഘട്ടത്തില്‍ പ്ലേമേക്കര്‍ റിക്വല്‍മെയെ തിരിച്ചുവിളിച്ചതിലൂടെ അതു പൂര്‍ത്തിയാവുകയും ചെയ്തു.

റിക്വല്‍മെ ഉറക്കം തൂങ്ങിയ കളിയായിരുന്നു ഈ ലോകകപ്പിലത്രയും കാഴ്ചവച്ചത്. എന്നാലും അര്‍ജന്റീനയുടെ കളിമുഴുവന്‍ അയാളെ ചുറ്റിപ്പറ്റിയായിരുന്നു എന്നതു വിസ്മരിച്ചുകൂടാ.

എഴുപത്തെട്ടാം മിനിറ്റില്‍ ക്രെസ്പോയെ പിന്‍‌വലിച്ച് ക്രൂസിനെ ഇറക്കിയതായിരുന്നു ശരിക്കും അല്‍ഭുതപ്പെടുത്തിയത്.

യൂറോപ്പ്യന്‍ ടീമുകളെപ്പോലെ ലീഡില്‍ കടിച്ചുതൂങ്ങുകയായിരുന്നു പെക്കര്‍മാന്റെ ലക്ഷ്യം എന്നുവേണം കരുതാന്‍. ഈ മാറ്റങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കിയതും അതുതന്നെ. ക്രെസ്പോയ്ക്കു പകരം മെസിയെ ഇറക്കുകയും റിക്വല്‍മെയെ പിന്‍‌വലിക്കാതെ ഗോണ്‍സാലസിനെ തിരിച്ചുവിളിച്ച് ആ സ്ഥാനത്തേക്ക് കാമ്പിയാസയെയോ അയ്മറെയോ ഇറക്കിയിരുന്നെങ്കിലോ? അര്‍ജന്റീന അല്പം കൂടി നന്നായി കളിക്കുമായിരുന്നു എന്നാണെന്റെ തോന്നല്‍.

ഷൂട്ടൌട്ടില്‍ ജര്‍മ്മനിയുടെ ലേമാന്‍ അസാധാരണമായ പ്രകടനം നടത്തിയെന്ന അഭിപ്രായം എനിക്കില്ല. അയാളയും കാമ്പിയാസോയും തൊടുത്ത ഷോട്ടുകള്‍ അത്ര ദുര്‍ബലവും ദയനീയവുമായിരുന്നു എന്നതാണു സത്യം. ഏതായാലും ഇറ്റലി ജയിച്ചതു നന്നായി. ജര്‍മ്മനിയോടു പിടിച്ചുനില്‍ക്കാന്‍ ഒരു ടീമായല്ലോ.

*** *** ***
ഷൂട്ടൌട്ടില്‍ ശരിക്കും താരമായത് പോര്‍ച്ചുഗലിന്റെ ഗോളി റിക്കാര്‍ഡോയാണ്. വിക്ടര്‍ ബായിയ എന്ന മികച്ച ഗോളിയെ ഒഴിവാക്കി പോര്‍ച്ചുഗല്‍ 2004ലെ യൂറോകപ്പിനെത്തിയപ്പോള്‍ അല്‍ഭുതപ്പെട്ടിരുന്നു. എന്നാല്‍ അന്നും ഇംഗ്ലണ്ടുമായുള്ള ക്വാര്‍ട്ടര്‍ മത്സരത്തില്‍ റിക്കാര്‍ഡോ ഒരു സേവ് നടത്തിയും വിന്നിംഗ് കിക്ക് എടുത്തും താരമായിരുന്നു. ഇന്നലെ ഇംഗ്ലണ്ടിന്റെ ഓരോ ഷോട്ടുകള്‍ക്കു നേരെയും എത്ര കൃത്യതയോടെയാണയാള്‍ ചാടിയത്. ഒരെണ്ണം മുന്നോട്ടു ചാടിയും രക്ഷപ്പെടുത്തി. അനുപമം എന്നു മാത്രം ആ പ്രകടനത്തെ വിശേഷിപ്പിക്കാം.

*** *** ***
ടൂര്‍ണമെന്റില്‍ ഫ്രാന്‍സ് കൈവരിച്ക പുരോഗതി അല്‍ഭുതപ്പെടുത്തുന്നതാണ്. കഴിഞ്ഞ രണ്ടു കളികളിലും അവര്‍ അര്‍ഹിച്ച ജയമാണുനേടിയത്. ഒരു പക്ഷേ ലോകചാമ്പ്യന്മാരായ, 98ലെ മത്സരങ്ങളെക്കാള്‍ നന്നായി അവര്‍ ഈ രണ്ടു കളികളിലും പൊരുതി. സ്വന്തം പരിശീ‍ലകന്‍ പോലും എഴുതിത്തള്ളിയ ഒരു ടീം ഇങ്ങനെ ഒത്തൊരുമയോടെ കളിക്കുമ്പോള്‍ കയ്യടിക്കുകയല്ലാതെ എന്തു ചെയ്യാന്‍.

13 Comments:

At 3:07 AM, Blogger ::പുല്ലൂരാൻ:: said...

winner will be Portugal.

 
At 5:13 AM, Blogger ചില നേരത്ത്.. said...

വളരെ നല്ല ലേഖനം..നല്ല നിരീക്ഷണവും..അഭിനന്ദനങ്ങള്‍!!
അര്‍ജന്റീനയുടെ തോല്‍‌വിക്ക് പെക്കര്‍മാന്‍ തന്നെയെന്ന് കളി കണ്ട മുഴുവന്‍ പേരും ശരിവെച്ചിരുന്നു. പക്ഷേ റിക്വല്‍മയുടെ പ്രകടനം ചില കളികളില്‍ നന്നാവുകയും ചിലതില്‍ മോശമാകുകയും ചെയ്തു. സാവിയോളയും ഇതേ രീതിയില്‍ തന്നെയായിരുന്നു. പരിക്കുകളെ പേടിച്ച് ‘ഡി’ യ്ക്കകത്തേക്ക് കയറാതെ ലോങ്ങ് ഷോട്ടുകളില്‍ അവസരം തുലക്കുന്നത് നിരവധി കാണേണ്ടി വന്നു ബ്രസീലിന്റെ കളികളില്‍..
ബ്രസീലിന്റെയും അര്‍ജന്റീനയുടെയും തോല്‍‌വിയുടെ ആഗാധം മോശം പ്രകടനം കൊണ്ടു കുറക്കുവാന്‍ സഹായിച്ചു..
വയസ്സന്‍ പടയായ ഫ്രാന്‍സിന്റെ നാള്‍ക്ക് നാള്‍ വെച്ചുള്ള പുരോഗതി അത്ഭുതപ്പെടുത്തുന്നു..തിയറി ഹെന്റ്രിയും സിദാനും നല്ല മന:പൊരുത്തത്തോടെ നേടിയെടുത്ത വിജയമായാണ് ബ്രസീലുമായുള്ള വിജയത്തെ കാണുന്നത്. വിന്നിംഗ് കോമ്പിനേഷന്‍ എന്ന് ഈ ലോകകപ്പില്‍ ആദ്യമായി ഇവരെ വിളിക്കാമെന്ന് തോന്നുന്നു . ലാറ്റിനമേരിക്കന്‍ ടീമുകളോടുള്ള അന്ധമായ ആരാധന അവസാനിപ്പിക്കാന്‍ ഫ്രാന്‍സും പോര്‍ചുഗലും എന്നെ പ്രേരിപ്പിക്കുന്നു..

 
At 5:22 AM, Blogger വക്കാരിമഷ്‌ടാ said...

വളരെ നല്ല നിരീക്ഷണം. വളരെ നല്ല ലേഖനം. നമ്മളില്‍ പലരുടെയും രക്തം ഒന്ന് പരിശോധിപ്പിക്കണോ എന്നൊരു സംശയം. ഫുട്‌ബോള്‍ എങ്ങാനും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടോ എന്നൊരു തോന്നല്‍ :)

ഇനിയിപ്പോള്‍ ഞാനെങ്ങിനെ അരവിന്ദന്റെ മുഖത്തു നോക്കും? ആസ്‌ട്രേലിയയോടും ബ്രസീലിനോടും “ഞങ്ങള്‍” തോറ്റപ്പോള്‍ എനിക്കെന്റെ സാറിന്റെ മുഖത്തു നോക്കാന്‍ വല്ലാത്ത വിഷമമായിരുന്നു!

 
At 5:23 AM, Blogger വക്കാരിമഷ്‌ടാ said...

ഇബ്രൂന്റെ കമന്റ് കോപ്പിയടിച്ചതല്ലേ, അതിന്റെ ഒരു സ്വാധീനം ഉണ്ടായി എന്നു മാത്രം. അത് അനുവദനീയവുമാണല്ലോ (അല്ലേ?) :)

 
At 7:40 AM, Blogger ഡാലി said...

മന്ജിത്തേട്ടന്‍ കളി തുടങണതിനു മുന്‍പേ “പന്തുരുമ്പൊള്‍” ഈ പെട്ടിക്കു മുന്‍പില്‍ ഞാനും എന്നെഴുതിയത് എല്ലാ കളികളും ആവഹിച്ചു ഇവിടെ നിരത്താനായിരുന്നല്ലെ? നന്നായി എഴുതിയിരിക്കുനു.
പുല്ലൂരാനേ... ആ വയസ്സന്‍ പട ഫ്രാന്‍സാവില്ലെ ജയിക്കാ... സിദാന്‍ നിറയില്ലെ ഫിനാലില്‍...

 
At 7:45 AM, Blogger ദില്‍ബാസുരന്‍ said...

സിദാന്റെ പ്രകടനം കണ്ട് രോമാഞ്ചമുണ്ടാവുന്നു, കണ്ണില്‍ വെള്ളം നിറയുന്നു!!
എന്റെ തോന്നലുകള്‍ ഞാന്‍ കായികബ്ലോഗില്‍ കുത്തിക്കുറിച്ചിട്ടുണ്ട്.

 
At 8:18 AM, Blogger saptavarnangal said...

ബ്രസീലിന്റെ പരാജയകാരണം ആയി എനിക്കു തോന്നുന്നതു അവര്‍ ഫ്രാന്‍സ് ഇന്റെ ഡിഫെന്‍സ് സ്റ്റ്യിലിനു അനുസരിച്ച് ആക്രമിക്കുന്ന രീതിയില്‍ മാറ്റ്ങ്ങള്‍ വരുത്തിയില്ല എന്നതാണ്..തീര്‍ച്ചയായും ഇതു കോച്ചീന്റെ പിഴവു തന്നെ..10 പേരും പെനാല്‍റ്റി ബോക്ക്സിനുള്ളീല്‍ ഡിഫെന്‍റ്റ്റ് ചെയ്യാന്‍ നില്‍ക്കുപ്പോള്‍ സ്ക്കൊര്‍ ചെയ്യുക ദുഷ്കരം തന്നെ..!

എന്തായാ‍ലും കപ്പ് യൂറോപ്പില്‍ തന്നെ..!!

 
At 6:06 PM, Blogger Adithyan said...

താരതമ്യേന അട്ടിമറികള്‍ കുറഞ്ഞ ഒരു ഒന്നാം റൌണ്ട്. ഏറെക്കുറേ അതു പോലെ തന്നെ രണ്ടാമത്തെതും....

എന്നാല്‍ ക്വാര്‍ട്ടറില്‍ അപ്രതീക്ഷിത മത്സരഫലങ്ങള്‍... യൂറോപ്പിന്റെ സര്‍വ്വാധിപത്യം.

ഫുട്ബോള്‍ യാന്ത്രികമാവുകയാണോ? ഡിഫെന്‍സില്‍ ഊന്നി കേളീശൈലികള്‍ മെനയുന്ന യൂറോപ്പിയന്‍ ടീമുകളുടെ വിജയം എന്നെ വേദനിപ്പിയ്ക്കുന്നു. അര്‍ജന്റീനയ്ക്കും ബ്രസീലിനുമായി ഞാന്‍ കേഴുന്നു.

മഞ്ചിത്ത് പറഞ്ഞ വാദങ്ങള്‍ തന്നെ ഞാന്‍ തിരിച്ചു ചോദിക്കട്ടെ?

അര്‍ജന്റീന്‍ അവസാന 10 മിനിട്ട് വരെ 1 ഗോളിനു മുന്നിലായിരുന്നു. ആ അവസ്ഥയില്‍ പെക്കര്‍മാന്‍ ഒരു മറുപടി ഗോള്‍ പ്രതീക്ഷിച്ചു കാണില്ല. ഒരു നല്ല ടീമിനോട് 75-ആം മിനിട്ടില്‍ ഒരു ഗോളിനു മുന്നില്‍ നില്‍ക്കുകയാണെങ്കില്‍ പിന്നെ അല്‍പ്പം ഒന്ന് പ്രതിരോധത്തില്‍ ഊന്നി സമയം കളയാം എന്നു വിചാരിച്ചതിന് അദ്ദേഹത്തെ കുറ്റം പറയാന്‍ പറ്റുമോ? മെസ്സി എന്ന ആക്രമണക്കാരന്റെ ആവശ്യം അവിടെ ഉണ്ടായിരുന്നോ? പരാജയം മണത്ത ജര്‍മ്മന്‍ ടാക്ലിംഗില്‍ നിന്നും തന്റെ ആക്രമണക്കാരെ ‘അടുത്ത കളിയ്ക്കായി‘ രക്ഷിച്ചു നിര്‍ത്തുക മാത്രമല്ലേ പെക്കര്‍മാന്‍ ചെയ്തത്. ആ 80-ആം മിനിട്ട് ഗോള്‍ വീണിരുന്നില്ലെങ്കില്‍ പെക്കര്‍മാന്‍ വാഴ്ത്തപ്പെടുമായിരുന്നു.

പിന്നെ ബ്രസ്സീലിന്റെ കാര്യം. ഫ്രാന്‍സിന്റെ ‘മാരക’ ഡിഫന്‍സിനെ കുറിച്ചറിയാവുന്നവര്‍ ആ ഏക ആ‍ക്രമണ നിരയെ പിന്താങ്ങേണ്ടതല്ലെ? എന്തൊക്കെ പറഞ്ഞാലും റോണാള്‍ഡോ ഇന്നും ലോകത്തിലെ ഏറ്റവും നല്ല ആക്രമണക്കാരില്‍ ഒരാളാണ്... മധ്യനിരയില്‍ ഇറങ്ങിക്കളിയ്ക്കില്ല എന്നതു സത്യമാണെങ്കിലും അര്‍ദ്ധാവസരങ്ങള്‍ മുതലാക്കാന്‍ റൊണാള്‍ഡോ മിടുക്കനാണ്. ഫ്രാന്‍സ് ഏതായാലും പ്രതിരോധത്തില്‍ ഒരു പിഴവും വരുത്തില്ല എന്ന് ഉറപ്പാണ്. അപ്പോള്‍ പിന്നെ ഒരു ആക്രമണക്കാരനെക്കൂടി മുന്നിലേയ്ക്കു വിട്ട് മധ്യനിര ബലഹീനമാക്കുന്നതിനെക്കാള്‍ നല്ലതല്ലേ മധ്യനിരയില്‍ ആളു കൂട്ടിയിട്ട് റോണാള്‍ഡോയില്‍ നിന്ന് ഒന്നോ രണ്ടോ അത്ഭുതങ്ങള്‍ പ്രതീക്ഷിയ്ക്കുന്നത്? റോണാള്‍ഡോയ്ക്ക് അതു ചെയ്യാന്‍ കഴിയാതെ പോയി.

ആ അവസാന നിമിഷ ഫ്രീകിക്ക് റൊണാള്‍ഡീഞ്ഞോ ഗോളാക്കി മാറ്റിയിരുന്നേങ്കില്‍ .... :)

 
At 2:10 AM, Blogger അരവിന്ദ് :: aravind said...

അര്‍ജ്ജന്റീന അങ്ങിനെ പുറത്തായി.അതിന്റെ ദുഖം ഒട്ട് മാറിയത് പിറ്റേന്ന് ബ്രസീല്‍ ഔട്ടായപ്പോളാണ്.
ഓ..ബ്രസീല് പോയി, പിന്നാ അര്‍ജ്ജന്റീന എന്നൊക്കെ സമാധാനിക്കാം.

പെക്കെര്‍മാന് പിഴച്ചോ? അധികം പിഴച്ചില്ല എന്നതാണ് എന്റെ കണക്ക് കൂട്ടല്‍. എങ്കിലും പിഴച്ചു.
എന്റെ നിരീക്ഷണത്തില്‍ പിഴവുകള്‍/ഭാഗ്യദോഷങ്ങള്‍ ഇതൊക്കെ.

1.റിക്വെല്‍മെയെ പിന്‍‌വലിച്ചത്. അപ്രതീക്ഷിതമായ ഒരു നീക്കമായിരുന്നു ഇതെന്ന് വ്യക്തം. ഹാഫ് ടൈമില്‍ പോലും ഇങ്ങനെയൊരു ഡിസിഷന്‍ പെക്കെര്‍മാന്‍ എടുത്തിരിന്നില്ല എന്നു തോന്നുന്നു. നിറം മങ്ങിയ കളിയാണ് റിക്വെല്‍മെ കാഴചവയ്ചതെങ്കിലും, ആള്‍ പുറത്ത് പോയതും അര്‍ജന്റീനയുടെ കളിക്ക് താളം തെറ്റി. നന്നായി കളിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും റിക്വെല്‍മെയുടെകാലുകളായിരുന്നു അര്‍ജ്ജന്റീന്‍ കളിയുടെ പ്രധാന കണ്ണി. അതു പോയതോടെ പാസ്സുകള്‍ മുന്നോട്ട് ചെല്ലാതെയായി-അര്‍ക്ക് പാസ്സ് ചെയ്യണം എന്നറിയാതെ അര്‍ജ്ജന്റീന പരുങ്ങി. സമയം കൊല്ലാനെങ്കിലും റിക്വെല്‍മെക്ക് സാധിച്ചേനെ.

2. സാവിയോളയെ ഇറക്കാഞ്ഞത്. ക്രൂസ് ഉശിരന്‍ സ്ട്രൈക്കര്‍ തന്നെ..പക്ഷേ ഇക്കാലമത്രയും ബെഞ്ചിലിരുന്ന അദ്ദേഹത്തിനെയാണോ ഇത്രയും പ്രധാനമത്സരത്തില്‍ ആദ്യമായി ഇറക്കുന്നത്? (ഇറ്റാലിയന്‍ ലീഗ് കാണുന്ന ആരും അദ്ദേഹം മോശമാണെന്ന് പറയും എന്ന് തോന്നുന്നില്ല-അഡ്രിയാനോയ്ക്കടുത്ത് വരും അദ്ദേഹത്തിന്റെ സ്ഥാനം)

3.ഗോളിക്ക് പരിക്കേറ്റത്. ഫ്രാങ്കോ തിളങ്ങിയില്ല.

4.സൌത്ത് അമേരിക്കന്‍-യൂറോപ്യന്‍ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ റഫറിയെ ചുമതലപ്പെടുത്തുന്നതിനെക്കുറിച്ച് ആര്‍ക്കും എതിര്‍പ്പൊന്നും തോന്നിയില്ലേ? കളി തുടങ്ങുന്നതിന് മുന്‍പേ ഇക്കാര്യം ശ്രദ്ധിച്ച് ഇത് കാര്യം ടഫാകും എന്ന് ഞാന്‍ പറഞ്ഞിരുന്നു. റോഡ്രിഗൂസിനെ ലാം ഫൌള്‍ ചെയ്തപ്പോള്‍ കാര്‍‌ഡാര്‍ക്കാണ് കിട്ടിയത്? ലാം റഫറിയെ തംസപ്പ് മുദ്ര കാണിച്ചഭിനന്ദിക്കുന്നു. റഫറിയെ ചോദ്യം ചെയ്യുന്നത് ഫൌളാണെങ്കില്‍ ഇങ്ങനെ അഭിനന്ദിക്കുന്നതും ഫൌള്‍ തന്നെ. എനിക്ക് ശരിക്കും സംശയം തോന്നുന്നു. 2006 ലെ ലോകകപ്പ് ജര്‍മനിക്ക് കിട്ടിയതെങ്ങനെയാണെന്നെല്ലാവര്‍ക്കും അറിയാമല്ലോ? സൌത്ത് ആഫ്രിക്കയെ തോല്‍‌പ്പിക്കാന്‍ ന്യൂസിലണ്ടില്‍ നിന്നുള്ള ഫിഫ അംഗത്തെ കൈകൂലി കൊടുത്ത് വശത്താക്കി. (പിന്നദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചതെല്ലാം പത്രത്തില്‍ വായിച്ചതാണല്ലോ?)
ബ്രസീല്‍-ഫ്രാന്‍സ് കളിയും അതുപോലെത്തന്നെ. റഫറിയുടെ തീരുമാനം നിര്‍ണ്ണായകമൊന്നുമായില്ലെങ്കിലും, റോണാള്‍ഡോയുടെ ഒരു ഹാന്‍ഡ് ബോള്‍ ഇന്റന്‍‌ഷണല്‍ എന്ന് വിധിച്ച് ഫ്രീകിക്ക് കൊടുത്തത് ശരിയായില്ല.
ഈ പ്രശ്നം പണ്ട് തൊട്ടേ ഉള്ളതല്ലേ.1978ലോ 82 ലോ മറ്റോ, ഫ്രാന്‍സ് ബ്രസീലിനെ നേരിട്ടപ്പോള്‍ എക്സ്ട്രാ ടൈമില്‍ ഫ്രാന്‍‌സിന് പെനാല്‍‌ട്ടി നിഷേധിച്ച് അടി വാങ്ങിക്കാന്‍ പോയ റഫറി അര്‍ജ്ജന്റീനക്കാരന്‍ ആയിരുന്നു.

റഫറിയെ നിശ്ചയിക്കുമ്പോള്‍ ഭൂഖണ്ഡവും കൂടെ കണക്കിലെടുക്കണം.

5. ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ് - അര്‍ജന്റീനയുടെ കടും നീല കുപ്പായം. അതിട്ട കളികളിലൊന്നും അര്‍ജ്ജന്റീന ജയിച്ചിട്ടില്ല. 90ല്‍ ഫൈനലാണ് എപ്പോളും ഓര്‍മ വരുന്നത്. വെള്ളയും ഇളം നീലയും ഉള്ള ജേര്‍സി എവിടെ? ഇനി അതില്ലെങ്കില്‍ ഇളം നീല ഒറ്റക്കളര്‍ ഉണ്ടല്ലോ? അതെവിടെ?

പ്രതീക്ഷ :

90 തൊട്ട് കാത്തിരിക്കുന്നതാണ് അര്‍ജ്ജന്റീനയുടെ വിജയത്തിന്. ഇനി അത് സ്വന്തം കണ്‍‌മുന്‍പില്‍ വച്ച് തന്നെയാകാനാകും യോഗം. കാത്തിരിക്കാം.
82-ല്‍ മറഡോണ കളി ബഞ്ചിലിരുന്ന് കണ്ടപോലെ 2006 ല്‍ മെസ്സി. 2010 ല്‍ മെസ്സി തിരിച്ചു വരും..അന്ന് ഒരു കളിയെങ്കില്‍ ഒരു കളി, സ്റ്റേഡിയത്തില്‍ ഞാനും കാണും മെസ്സി മുന്നേറുമ്പോള്‍ പ്രോത്സാഹിപ്പിക്കാന്‍.(Inshallah)

 
At 2:22 AM, Blogger saptavarnangal said...

അരവിന്ദാ,
ഞാനും കൂടാം ‘ലഫറി’ യെ തെറി പറയാന്‍.. എന്റെ അഭിപ്രായത്തില്‍ റോഡ്രിഗൂസിനെ ലാം ഫൌള്‍ ചെയ്തു. അതിനു ഒരു പെനാല്‍റ്റി കിട്ടേണ്ട്താണ് അര്‍ജെന്റ്റീനക്ക് ! ‘ലഫറി’ ജെര്‍മ്മനിയുടെ കൂടെ, കമ്മെന്ററി പറയുന്നവനും.. അതുകൊണ്ട് ആ ഫൌള്‍ റീ പ്ലെ ചെയ്തപ്പൊള്‍ പഹയന്‍ ഒന്നും മിണ്ടിയില്ല..


ഹമ്മ്മ്മ്.. എന്തു പറഞ്ഞിട്ടെന്താ.. എണ്ടെ പ്രിയ ബ്രസില്‍ പോയില്ലേ...

 
At 2:36 AM, Blogger അരവിന്ദ് :: aravind said...

ദീപികയിലെ അജീഷ് ചന്ദ്രന്റെ റിവേഴ്സ് ആംഗിള്‍ വായിച്ചോ?
തിയൊറി ഹെന്രിയുടെ ഗോളിന് ഓഫ്‌സൈഡ് മണമുണ്ടായിരുന്നത്രേ!!!!!!!!!!
ഹി ഹി ഹി..മൂപ്പര്‍ ഓഫ്‌സൈഡ് നിയമം അപ്‌ഡേറ്റായത് അറിഞ്ഞില്ലാന്ന് തോന്നുണൂ..
നല്ല ഫസ്റ്റ് ക്ലാസ് ഗോളായിരുന്നു അത്!

അല്ലേ?

 
At 2:54 AM, Blogger saptavarnangal said...

ദീപിക ഇതല്ല ഇതിന്റെ അപ്പുറം എഴുതും..
ഇങ്ലണ്ടിന്റെ ആദ്യ കളിയിലെ ബെക്കതിന്റെ ഫ്രീ കിക്ക് ഓണ്‍ ഗോള്‍ മൈക്കിള്‍ ഓവന്റ്റെ തലയില്‍ തട്ടി കേറിയതാണ് എന്നു പറഞ്ഞു‍ ദീപിക!

 
At 1:37 AM, Blogger മന്‍ജിത്‌ | Manjith said...

ആദീ,

അങ്ങനെ വേണമെങ്കില്‍ പെക്കര്‍മാനെ ന്യായീകരിക്കാം. എന്നാല്‍ ഗോളടിക്കാതെയും ഗോളടിപ്പിക്കാതെയും ഒരു പകുതിയത്രയും പിടിച്ചു നില്‍ക്കാന്‍ ലാറ്റിനമേരിക്കന്‍ ടീ‍മുകള്‍ക്കാവുമെന്ന് എനിക്കു തോന്നണില്ല. ഗ്രീസിനായേക്കാം, ഇറ്റലിക്കായേക്കാം. എതിര്‍ ടീമിനെ ഗോളടിപ്പിക്കാതിരിക്കാന്‍ അര്‍ജന്റീന, ബ്രസീല്‍ എന്നീ ടീമുകള്‍ക്ക് നാളുകളായി കയ്യിലുള്ള തന്ത്രം അവരുടെ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടേയിരി‍ക്കുക എന്നതു മാത്രമാണ്. അല്ലാതെ എതിരാളികള്‍ ഗോളടിക്കാന്‍ വരുമ്പോള്‍ തടഞ്ഞു നിര്‍ത്താന്‍ പോന്ന പ്രതിരോധ തന്ത്രങ്ങളൊന്നും അവരുടെ കയ്യിലില്ല.

കളി അധിക സമയത്തേക്കു നീണ്ടപ്പോള്‍ പെക്കര്‍മാന്‍ സ്വന്തം കളിക്കാര്‍ക്കു കൊടുത്ത നിര്‍ദ്ദേശം ഇനി വല്യ റിസ്കെടുത്തു ഗോളൊന്നുമടിക്കാന്‍ നോക്കേണ്ട എന്നുതന്നെയാണെന്നു തോന്നണു. കൊളിച്ചിനിയെന്ന കളിക്കാരനെ ഒന്നു രണ്ടു പ്രാവശ്യം പിടിച്ചു നിര്‍ത്തി പ്രത്യേക നിര്‍ദ്ദേശം കൊടുക്കുന്നതും കളികണ്ടവര്‍ ശ്രദ്ധിച്ചു കാണും. അര്‍ജന്റീനയുടെ നീക്കങ്ങള്‍ ഗോള്‍ ഏരിയയിലെത്താതെ കൊളീച്ചിനിയുടെ ലോംഗ്‌റേഞ്ചുകളില്‍ അവസാനിക്കുന്നതും കണ്ടുകാണുമല്ലോ. ഗോള്‍പോസ്റ്റില്‍ പരിചയമില്ലാത്ത ഒരാളാകാം എന്ന ചിന്തയും പെക്കര്‍മാനെ വല്ലാതെ അലട്ടിയിരിക്കണം. എന്തായാലും, ലീഡില്‍ കടിച്ചു തൂങ്ങാന്‍ പെക്കര്‍മാന്‍ നടത്തിയ ശ്രമം പിഴച്ചുപോയി എന്നു തന്നെയാണെന്റ പക്ഷം.

അരവിന്നകുട്ടി പറഞ്ഞ പോയിന്റ് ഞാനും ശ്രദ്ധിച്ചിരുന്നു. മുന്‍‌പുള്ള ചില മത്സരങ്ങളിലും ജര്‍മ്മന്‍ കളിക്കാര്‍ ഇങ്ങനെ റഫറിയെ അഭിനന്ദിക്കുന്നതു കാണാമായിരുന്നു. ഫെയര്‍ പ്ലേ പറയുന്ന ഫിഫാ അതിനൊരു മഞ്ഞകാര്‍ഡുയര്‍ത്തേണ്ടതാണ്. ആതിഥേയര്‍ക്കനുകൂലമായ റഫറിയിംഗ് ലോകകപ്പില്‍ എന്നൂമുണ്ട്. കഴിഞ്ഞ തവണത്തെ കൊറിയന്‍ മുന്നേറ്റവും അതു പിന്‍‌പറ്റിയായിരുന്നു. എന്നാലും കളിക്കളത്തില്‍ വച്ചുതന്നെ ഇങ്ങനെ അഭിനന്ദനം ചൊരിയുന്നത് അല്പം കടുപ്പം തന്നെ.

 

Post a Comment

<< Home