അര്‍ജ്ജന്റീന ടീം
അര്‍ജ്ജന്റീനയുടെ ടീം
എന്റെ ശ്രദ്ധ പിടിച്ചവര്‍ മാത്രം
കോച്ച് ജോസ് പെക്കെര്‍മാന്‍ - ഏറ്റവും അനുയോജ്യന്‍. 95,97,2001 എന്നീ കൊല്ലങ്ങളിലെ വേള്‍ഡ് യൂത്ത് കപ്പ് നേടിയ അര്‍ജ്ജന്റീനിയന്‍ ടീമിന്റെ പരിശീലകന്‍. 98 ല്‍ നാഷണല്‍ ടീമിന്റെ കോച്ച്‌സ്ഥാനം നല്‍കിയെങ്കിലും, തനിക്ക് അതിനുള്ള പരിചയമായിട്ടില്ല എന്ന് പറഞ്ഞൊഴിഞ്ഞ വ്യക്തി. അപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത ഊഹിക്കാമല്ലോ. ആക്രമഫുട്ബോളില്‍ വിശ്വസിക്കുന്നു. വമ്പന്‍ സ്രാവുകളെ ഒഴിവാക്കാന്‍ ഒട്ടും മടിക്കാത്ത വ്യക്തിത്വം (ഇപ്പോഴത്തെ ടീമില്‍ നിന്ന് സെനേറ്റിയെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നല്ലോ)
നിക്കോളാസ് ബുര്‍ഡ്ഡിസ - സെന്റര്‍ ബാക്ക് പൊസിഷനില്‍ തിളങ്ങുന്ന ഇദ്ദേഹം സീരിഏ(ഇറ്റാലിയന്‍ ലീഗ്) യില്‍ ഇന്റര്‍നാഷണേലിനു വേണ്ടി കളിച്ചു വരുന്നു. 2001 ലെ യൂത്ത് കപ്പ് നേടിയ പെക്കെര്‍മാന്റ ടീമിലെ അംഗം.അദ്ദേഹത്തിന്റെ വിശ്വസ്തന്‍.
റോബേര്‍ട്ടോ അയാല - ലോകത്തിലെ ഏറ്റവും മികച്ച സെന്‍ട്രല്‍ ഡിഫന്റര്‍മാരിലൊരുവന്‍. രണ്ട് ലോകകപ്പുകളില്‍ കളിച്ച വെറ്റെറന്‍. വാലന്‍സിയ(സ്പാനിഷ് ലീഗ്)യുടെ പ്രതിരോധത്തിന്റെ അത്താണി. സനേറ്റിയെ ഒഴിവാക്കി പെക്കെര്‍മാന്‍ അയാലക്ക് വോട്ട് ചെയ്തത് വന്‍ വിവാദമായിരിന്നു. മികവാര്‍ന്ന കളിയിലൂടെ വിമര്‍ശകരുടെ നാവടപ്പിക്കുന്നു ഇദ്ദേഹം. സോറിന്‍ കളിക്കാത്തപ്പോള്‍ ടീമിന്റെ നായകന്‍.
യുവാന്‍ സോറിന്‍ - ലെഫ്റ്റ് ബാക്കില്‍ ഒതുങ്ങി നില്‍ക്കാത്ത കേളീശൈലി. മിഡ്‌ഫീല്‍ഡിലും എന്തിന് അറ്റാക്കിംഗിലും ഒരുപോലെ പങ്കെടുക്കുന്ന ബഹുമുഖപ്രതിഭ. ലോകത്തിലിന്ന് ഏറ്റവും അപകടകരമായ ഹെഡ്ഡറുകളില്‍ സ്ഥാനം നേടിയ പ്രതിഭാശാലി. വില്ലാറിയലിനു വേണ്ടി ക്ലബ് ഫുട്ബോളില്‍ റിക്വെല്‍മെക്കൊപ്പം ബൂട്ടണിയുന്നു. ടീമിന്റെ നായകന്‍. ഫെയര്‍ പ്ലേയ്ക്ക് പ്രശസ്തനായവന്‍.
മത്യാസ് കാംബിയാസോ - ഇന്റര്‍മിലാന്റെ മിഡ്‌ഫീല്‍ഡ് ജനറല്‍. പെക്കെര്‍മാന്റെ മറ്റൊരു കണ്ടെത്തല്‍ (97 യൂത്ത് ടീമിലെ അംഗമായിരുന്നു കാംബിയാസോ.) ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കളിക്കുന്ന ഇദ്ദേഹം, സെര്‍ബിയക്കെതിരെ മിന്നുന്ന ഒരു ഗോളടിച്ച് (24 പാസ്സിനു ശേഷം- ലോകത്തങ്ങോളമിങ്ങൊളമുള്ള ഫുട്‌ബോള്‍ അക്കാദമികള്‍ ഇനി ആ ഗോളിന്റെ വീഡിയോ ട്രൈയിനിംഗിന് ഉപയോഗിക്കും) ആക്രമണവും തന്റെ പരിധിക്ക് പുറത്തല്ല എന്ന് തെളിയിച്ചിരിക്കുന്നു.
ഇവാന്‍ ഹെയിന്‍സ് - മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പാര്‍ട്ട് ടൈം ലെഫ്റ്റ് ബാക്ക്. ഹയീന്‍സിന്റെ ടീമിലെടുത്തത് മുറുമുറുപ്പുകള്‍ക്ക് കാരണമായെങ്കിലും, വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധത്തിലൂടെ ഹെയിന്‍സ് അര്‍ജ്ജന്റീനയുടെ വിശ്വാസം നേടിയെടുത്തിരിക്കുന്നു. സ്റ്റാര്‍ട്ടിംഗ് പതിനൊന്നില്‍ ഹെയിന്‍സിന്റെ ഉള്‍പ്പെടുത്തുന്നത് തന്നെ തെളിവ്.
പാബ്ലോ ഐമാര്‍ - അറ്റാക്കിംഗ് മിഡ്ഫീല്‍ഡില്‍ വലന്‍സിയക്ക് തിളങ്ങുന്ന ഈ താരം ഇതു വരെ അര്‍ജ്ജന്റീനിയന്‍ ടീമില്‍ കളിക്കുവാന്‍ സാധിക്കാതെ പുറത്തിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. പ്രോബ്ലംസ് ഓഫ് പ്ലെന്റി? ആരെ ഒഴിവാക്കും എന്നതാണോ പെക്കെര്‍മാന്റെ കന്‍ഫ്യൂഷന്‍? മറഡോണ തന്റെ പിന്‍ഗാമിയെന്ന് പണ്ട് വിശേഷിപ്പിച്ച പ്രതിഭയാണ് ഐമാര്‍. ബഞ്ചിലിരുത്തി പാഴാക്കേണ്ട പ്രതിഭയല്ല. പൂര്‍ണ്ണമായും ഭേദമാകാത്ത പരിക്കുകള്‍ ആണ് പ്രശ്നം എന്ന് ഊഹിക്കുന്നു.
റോമാന്‍ റിക്വെല്‍മെ - മടിയനായ മജീഷ്യന്‍ എന്നറിയപ്പെടുന്ന മിഡ്‌ഫീല്‍ഡ് കുന്തമുന. വില്ലാറിയലിനെ യുവേഫാകപ്പ് സെമി ഫൈനല്‍ വരെയെത്തിച്ച കാലുകള്‍ക്കുടമ. അലക്സ് ഫെര്‍ഗൂസന്‍ മാഞ്ചസ്റ്ററിലേക്ക് കൊണ്ടുവരാന്‍ കൊതിച്ച് പരാജയപ്പെട്ടത് ക്ലബ്ബ് ഫുട്‌ബൊളില്‍ റിക്വെല്‍മേയുടെ റെപ്യൂട്ടേഷന് ഒരുദാഹരണം മാത്രം. പക്ഷേ, എന്തോ ഈ ലോകകപ്പില്‍ ഇതു വരെ, ആ മാജിക് പുറത്ത് കണ്ടില്ല. ഇത്രയും സമയം പന്ത് കൈയ്യില്‍ വക്കാന്‍ കഴിവുള്ള ഒരു കളിക്കാരനില്ല. പതുക്കെകളിക്കുന്നത് കൊണ്ടാണത് എന്ന് ചിലര്‍ ആരോപിക്കുമെങ്കിലും, റിക്വെല്‍മേ ശൂന്യതയില്‍ നിന്ന് സമയം സൃഷ്ടിക്കുന്നു എന്നാരാധകര്‍ വിശ്വസിക്കുന്നു.
യുവേഫാ സെമിയില്‍ ആര്‍സനെലിനെതിരെ അടിച്ച പെനാല്‍ട്ടി ലേഹ്‌മാന്‍ തടുത്തിട്ടതിന്റെ ഞെട്ടല്‍ ഇതു വരെ മാറാത്തതാണോ ഈ എണ്ണം പറഞ്ഞ കളിക്കാരന്‍ തിളങ്ങാതെ നില്‍ക്കുന്നതിന്റെ കാരണം? റിക്വെല്‍മെ, ആരാധകര്‍ കാത്തിരിക്കുന്നു.
യാവിയര്‍ സാവിയോളാ - ഗലേറ്റിയെ പിന്തള്ളി ടീമിലിടം പിടിച്ച 2001 യൂത്ത് ഫുട്ബൊള്‍ ലോകകപ്പിലെ താരം, ടോപ് സ്കോറര്‍. സെവിലെ ക്ക് യുവേഫാ കപ്പ് ഇക്കൊലം നേടിക്കൊടുത്ത ഗോളടി വീരന്‍. ഇദ്ദേഹത്തിന്റെ കളിയെപ്പറ്റി വിദഗ്ദ്ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടെങ്കിലും, പ്രാധമിക മത്സരങ്ങളില്‍ ഇദ്ദേഹത്തിന്റെ കളി കണ്ടവര്‍ ഉറച്ചു വിശ്വസിക്കുന്നു.സാവിയോള ടീമിന് മുതല്‍ക്കൂട്ട് തന്നെ. നാളത്തെ താരം തന്നെ
കാര്‍ലോസ് ടെവെസ് - അടുത്ത മറൊഡോണ? മെസ്സിയോ ടെവെസ്സോ? അതാണ് ചോദ്യം. സൌത്ത് അമേരിക്കന്‍ ഫുട്‌ബൊളര്‍ ഓഫ് ദ ഇയര്‍ മൂന്ന് പ്രാവിശ്യം കിട്ടിയ വ്യക്തി. ഫുട്ബൊളിന്റെ മെക്കയായ ബ്രസീലില്‍ കോറിന്ത്യന്‍സിനു വേണ്ടി തിളങ്ങുന്ന, നാളെയുടെ താരം എന്ന് എല്ലാവരും ഉയര്‍ത്തിക്കാട്ടുന്ന യുവ സ്റ്റ്രൈക്കര്‍.
ജോസ് മൌറീഞ്ഞൊ ചെത്സിയിലേക്ക് കൊണ്ടുവരാന്‍ ഉന്നം വയ്ക്കുന്ന ഇദ്ദേഹം മെസ്സിയോടും ക്രെസ്പൊയൊടും കൂടെ ചേര്‍ന്നു കഴിഞ്ഞാല്‍ ഏത് പ്രതിരോധവും പിളരും.(ശരിയാ..പാവം സാവിയോള)
ഹെര്‍നാന്‍ ക്രെസ്പോ - ഒരു പക്ഷേ ക്രെസ്പോയുടെ അവസാന വേള്‍ഡ് കപ്പാകും ഇത്. അതെ-ഉറപ്പായും. എത്ര നാള്‍ പിന്നില്‍ നില്‍ക്കുന്ന യുവ തലമുറയെ കണ്ടില്ലെന്ന് കോച്ച് നടിക്കും? ബാറ്റിസ്റ്റ്യൂട്ടയുടെ വിരമിക്കല്‍ ഉണ്ടാക്കിയ ഗ്യാപ്പ് ഒരു പരിധി വരെ മറക്കാന്‍ ക്രെസ്പൊക്ക് കഴിഞ്ഞു. മറഡൊണയുടെ വിശ്വസ്തന്‍..ആരാധകന്‍. ചെല്‍സിയുടെ അതിന് മുന്‍പ് എ.സി. മിലാന്റെ ഗോളടി യന്ത്രം (പന്ത് എങ്ങോട്ട് , എങ്ങിനെ എപ്പോള്‍ വരുന്നു എന്ന് മുന്‍കൂട്ടി സാധിക്കാന്‍ പറ്റുന്നതും അതിനനുസരിച്ച് പൊസിഷന്‍ മാറ്റുന്നതും ഇദ്ദേഹത്തിന്റെ ശക്തി. സ്കില്ലാച്ചിയെ പോലെ)
കൊറിയന്‍ ലോകകപ്പില്‍ ആദ്യ റൌണ്ടില്‍ അര്‍ജ്ജന്റീന പുറത്തായത് ഇന്നും ക്രെസ്പൊയെ വേട്ടയാടുന്നു എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. അതു തന്നെയാകട്ടെ ഈ വേള്‍ഡ് കപ്പില്‍ പ്രചോദനവും.
ലിയോണല്‍ മെസ്സി - ഞാനെന്തു പറയാന്‍? ബാര്‍സലൊണക്കു വേണ്ടി ഈ പയ്യന്റെ (19 വയസ്സ്) കളി ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. നിങ്ങള്‍ ഈ പയ്യന്റെ കളി കാണുക. അടുത്ത മറഡോണ ആണോ അല്ലെയോ എന്ന് സ്വയം തീരുമാനിക്കുക. ഒന്നു മാത്രം പ്രാര്‍ത്ഥിക്കുന്നു. പരിക്ക് ഈ കുതിപ്പിനൊരു പ്രശ്നം ആകരുതേ എന്ന് മാത്രം.
നാളേകള്‍ മെസ്സിക്ക് സ്വന്തം.
റിക്കാര്‍ഡോ ക്രൂസ് - പെക്കെര്‍മാന്റെ ആവനാഴിയിലെ മറ്റൊരു അസ്ത്രം..ഉപയോഗിക്കുമോ എന്നറിയില്ല. ഉശിരന്‍ ഫോര്‍വേര്‍ഡ് ആണ്. ബഞ്ചിലിരിക്കുന്നു. എവിടെ കൊള്ളിക്കാന്‍?
ഈ വേള്‍ഡ് കപ്പില്‍ യുവരക്തത്തില്‍ വിശ്വാസമര്‍പ്പിച്ച അര്‍ജ്ജന്റീനക്ക് തന്നെ എന്റെ വോട്ട്...
2 Comments:
അരവിന്ദേ,
വളരെ നന്നായിരിയ്ക്കുന്നു... എത്ര പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങള്‍ ഉണ്ടല്ലോ... പോരട്ടെ പോരട്ടെ...
മെസ്സി ഇന്നലെ ഇറങ്ങിയത് ബൂട്ടില്‍ ‘ദൈവത്തിന്റെ കൈകള്‍‘ എന്ന് ആലേഖനം ചെയ്തുകൊണ്ടാണത്രെ... ;-)
ഫുട്ബോള്‍ കൊടുക്കല്‍ വാങ്ങലുകളുടെ കളിയാണ്... ചരിത്രത്തിന്റെയും കണക്കു തീര്‍ക്കലുകളുടെയും കളി.
22 പേര്‍ അങ്ങോട്ടുമിങ്ങോട്ടും പന്തു തട്ടുന്നതാണു ഫുട്ബോള്‍ എന്നു പറയുന്നവരേ, അല്ല...അല്ല...അല്ല...
നല്ല വിശകലനം.ആഴത്തിലുള്ള ഗവേഷണം.സര്‍വ്വോപരി കളിയോടുള്ള passion.വളരെ നന്നായിരിക്കുന്നു.
Post a Comment
<< Home